പ്രബോധനത്തിൻറെ എല്ലാ ബഹുമാന്യ വായനക്കാർക്കും സഹകാരികൾക്കും നന്മ നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു !പാസ്റ്റർ പിള്ളയുടെ ഇടത് കണ്ണിൻറെ രണ്ടാം ശസ്ത്രക്രീയ ഡിസംബർ 13 ന് മധുര അരവിന്ദ് ഹോസ്‌പിറ്റലിൽ വച്ച് വിജയകരമായി നടന്നു . പ്രാർത്ഥിച്ചവർക്കു നന്ദി ! പ്രബോധനം ഡിസംബർ ലക്കം വായിക്കുവാൻ ക്‌ളോക്കിനു താഴെയുള്ള current issue ക്ലിക്ക് ചെയ്യുക! പാസ്റ്റർ സാം ജോർജ്ജുമായി പ്രബോധനം പത്രാധിപർ നടത്തിയ അഭിമുഖം കാണാൻ ഹോം പേജിൽ ഏറ്റവും താഴെ ക്ലിക്ക് ചെയ്യുക !!പ്രബോധനം ജനുവരി ലക്കം വായിക്കുവാൻ ക്ളോക്കിനു ത്യാഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

ദൈവം പണിയുന്ന വീട്

വീടെന്ന സ്വപ്നം ഭൂമിയിൽ ജനിച്ച എല്ലാമനുഷ്യരുടേയും ആഗ്രഹമാണ് . അത് പ്രാർത്ഥനയിലും കഠിനാദ്ധ്വാനത്തിലും നേടിയെടുക്കുന്നു. ഒരു വീടെന്ന സ്വപ്നമേ സാക്ഷാത്കരിക്കുമ്പോൾ വളരെ ബുദ്ധിമുട്ടുകൾ ഒക്കെ അതിൻറെ പുറകിലും മുന്നിലും അനുഭവിക്കേണ്ടതായി വരും . വസ്തുവില്ലാത്തവർക്കു വീടെന്ന സ്വപ്നം എങ്ങനെ കാണാൻ കഴിയും . മുമ്പേ വസ്തുവല്ലേ ആവശ്യം അതില്ലാതെ എങ്ങനെ ഭവനം പണിയും . എന്നാൽ സുവിശേഷവേല നിമിത്തം പലയിടങ്ങളിൽ മാറി മാറി ശുശ്രൂഷിക്കുകയും പാഴ്‌സനേജുകളിൽ താമസിക്കുകയും ചെയ്യുന്നതിനാൽ പാസ്റ്ററന്മാരായ പലരും സ്വന്തമായ വീടിനെക്കുറിച്ചുള്ള ആഗ്രഹം മറന്നുപോകുകയാണ് ചെയ്യുന്നത് . തൃശൂർ ആൽപ്പാറ സഭയുടെ ശുശ്രൂഷകൻ ആയിരിക്കുമ്പോഴാണ് സ്വന്തമായി ഒരു വീടിൻറെ ആവശ്യകതയെക്കുറിച്ചു എന്നെ ബോധ്യപ്പെടുത്തുവാൻ ഒരു പ്രായമുള്ള ദൈവദാസൻ ദൈവം ഉപയോഗിച്ചത് . ദൈവദാസൻ എന്ന് പറയുമ്പോൾ പാസ്റ്ററല്ല ഒരു സഹോദരനാണ് . ആൾപ്പാറ സഭയിൽ അംഗമായ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന ചീരകത്തു വർഗ്ഗീസ് എന്ന ദൈവഭൃത്യനാണ് അത് . (ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യുവിൻറെ ഏറ്റവും ജ്യേഷ്ഠ സഹോദരൻ ). അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു “പാസ്റ്റർ പ്രായമായി വരികയാ ഇന്നത്തെ ആരോഗ്യവും ശക്തിയും ഒക്കെ ഇല്ലാതാകും . മക്കൾക്കും കൊച്ചമ്മക്കും വേറെ ആരുമില്ലെന്നോർക്കണം അവർക്കു താമസിക്കാൻ ഇടം കിട്ടുന്നത് പാസ്റ്റർ ശുശ്രൂഷയിലുള്ള സമയത്തുമാത്രമാണ് . ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അവർ എവിടെ പാർക്കും . അവർക്കു ഒരു വീട് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കൂടെങ്കിലും ഉണ്ടാക്കണം “. ഇതായിരുന്നു അദ്ദേഹം പറഞ്ഞത് . അതുവരെ ലഭിച്ച പണം സുവിശേഷവേലയിൽ ആയിരുന്നതിനാൽ വീട്ടുകാര്യങ്ങൾ നോക്കിയാനന്തരം കയ്യിൽ വരുന്ന മിച്ചം തുക ബാങ്കിൽ നിക്ഷേപിക്കാതെ സുവിശേഷപ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനും മാത്രമായി ഉപയോഗിക്കപ്പെട്ടു . ഒന്നും സമ്പാദിച്ചിരുന്നില്ല . സുവിശേഷപ്രവർത്തനത്തിൽ ലഭിക്കുന്ന പണം സമ്പാദിക്കാൻ വേണ്ടി ആയിരുന്നില്ല എന്ന വിശ്വാസം ഉള്ളിൽ ദൈവം തന്നതിനാൽ അങ്ങനെ സമ്പാദിക്കാൻ നിന്നിരുന്നില്ല . അതിനു സഹായമായതു പത്തനാപുരം സെൻറർ ശുശ്രൂഷകനായിരുന്ന ഇന്ന് കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻറെ ജീവിതാശയങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട് . അദ്ദേഹത്തിൽ നിന്നും ഏറെ നല്ല കാര്യങ്ങള്പഠിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട് . അദ്ദേഹത്തിൻറെ മക്കളിൽ ആൺമക്കൾ നാലുപേരും ഞാൻ വളരെ സ്നേഹിക്കുന്നവരും അവർ എന്നെ സ്നേഹിക്കുകയും ചെയ്യുന്നവരാണ് . പാസ്റ്റർ തോമസ് ജോർജ്ജ് , പാസ്റ്റർ സാം ജോർജ്ജ് , പാസ്റ്റർ ജേക്കബ് ജോർജ്ജ് ,പാസ്റ്റർ എബ്രഹാം ജോർജ്ജ് എന്നിവർ അപ്പച്ചൻറെ മക്കൾ ആയതിനാൽ ഞാൻ അവരെ സ്നേഹിക്കുന്നു . ഈ നാലുപേരോടും ഉള്ള സ്നേഹം കൊണ്ട് അപ്പച്ചനെ സ്നേഹിച്ചതല്ല . നേരെമറിച്ചു പാസ്റ്റർ ഇ സി ജോർജ്ജെന്ന ധന്യനായ ആ ദൈവദാസൻറെ മക്കൾ എന്ന നിലയിൽ അവരെ ഞാൻ ബഹുമാനിക്കുന്നു . അവരിൽ നിന്നും സാമ്പത്തിക നന്മ ലഭിക്കും എന്ന ആഗ്രഹത്തിൽ അല്ല അവരുമായുള്ള ബന്ധം അപ്പച്ചനിൽ കണ്ട ആ മഹത്വമാണ് കാരണം . അല്ലാതെ മറ്റൊന്നുമല്ല . പാസ്റ്റർ ഇ സി ജോർജ്ജ് ആത്മീയതയിൽ പലരുടെയും ഗുരുനാഥനാണ് ബൈബിൾ കോളജിൽ അദ്ദേഹം പഠിപ്പിച്ചിട്ടില്ല സിസ്റ്റമാറ്റിക് തീയറികൾ ഒന്നും അദ്ദേഹത്തിന് വശമില്ലായിരുന്നു .എന്നാൽ അദ്ദേഹം പലരുടെയും ഗുരുനാഥനായിരുന്നു . അദ്ദേഹത്തിൽ നിന്നും പഠിക്കുവാനും പഠിപ്പിക്കുവാനും ഉതകുന്ന അനേക കാര്യങ്ങൾ ഉണ്ടായിരുന്നു . അതിൽ ഒന്നായിരുന്നു സുവിശേഷവേലയിൽ നിന്നും ലഭിക്കുന്ന പണം സമ്പാദിക്കാതിരിക്കുക . ചിലവുകഴിഞ്ഞു അധികം വരുന്ന പണം സുവിശേഷത്തിൻറെ അഭിവൃദ്ധിക്കായി ഉപയോഗിക്കുക . ഇത് അനുവർത്തിക്കുന്നതിൽ എനിക്ക് മാതൃകയായ ദൈവദാസനായിരുന്നു പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻ .

തൃശൂരിൽ വച്ചുതന്നെ വീട് വയ്ക്കുന്നതിനുള്ള ക്രമീകരണം സംജാതമായിരുന്നു . ഐപിസിക്കാരനല്ലാത്ത ഒരു സഹോദരൻആൽപ്പാറതെങ്ങും കാലായിൽ സൈമൺ പണം മുടക്കി ഏഴേകാൽ സെൻറ് സ്ഥലം എനിക്ക് വാങ്ങിത്തരികയും ഏതെങ്കിലും സമയത്തു ആരാധനാലയം പണിയണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ അതിനുവേണ്ടി പത്തുസെൻറ് സ്ഥലം വാങ്ങിത്തരികയും ചെയ്തു . രണ്ടായിരത്തിലധികം ചതുരാശ്രയടിക്കുള്ള ഇരുനില വീട് വച്ച് തരുവാനും അദ്ദേഹം ക്രമീകരണം ചെയ്തു , വസ്തു എൻറെ പേരിൽ കൂട്ടി കരം അടക്കുവാനും ഇടയായി . അദ്ദേഹം ഒരു നല്ല സഹോദരൻ ആയിരുന്നു . എന്നാൽ വീട് വയ്ക്കുവാൻ പ്രാരംഭ നടപടികൾ തുടങ്ങുന്നതിനു മുന്നമേ തന്നെ അതിൽ ദൈവോദ്ദേശ്യം കാണാഞ്ഞതിനാൽ പ്രാർത്ഥനയിൽ ദൈവീക ഇടപെടീൽ ഉണ്ടായതിനാൽ ആ സ്ഥലം വിൽക്കാതെയും വില വാങ്ങാതെയും അദ്ദേഹത്തിനുതന്നെ സ്വമനസ്സാലെ തിരികെ ആധാരം ചെയ്തു കൊടുത്ത് ദൈവഹിതത്തിനു ഏൽപ്പിച്ചു .വസ്തു തിരികെ എഴുതിക്കൊടുത്തപ്പോൾ മറ്റൊന്നും ആലോചിച്ചിരുന്നില്ല . അദ്ദേഹം മനസില്ലാമനസോടെയാണ് ആധാരം തിരികെ വാങ്ങിയത് . വളരെ സന്തോഷത്തോടുകൂടിയാണ് കൊടുത്തതും. അദ്ദേഹം അന്ന് പറഞ്ഞത് 2007 ലാണ് പ്രസ്തുത സംഭവം നടന്നത് . അദ്ദേഹം പറഞ്ഞത് പാസ്റ്റർ എന്ന് എവിടെ വസ്തു വാങ്ങിയാലും വീടുവച്ചാലും എന്നോട് പറയണം ഞാൻ സഹായിക്കാം എന്ന്. നാളിതുവരെ ഒരു സഹായവും ചോദിക്കാൻ ഇടയായില്ല . അതിനുശേഷം തൃശൂരിൽ നിന്നും നാട്ടിലേക്ക് ശുശ്രൂഷയോടുള്ള ബന്ധത്തിൽ മടങ്ങിയെത്തി . അന്നുമുതൽ വാടക വീട്ടിലായിരുന്നു താമസം . ഈ ചരിത്രം എഴുതുമ്പോഴും വാടകവീട്ടിൽ തന്നെയാണ് താമസിക്കുന്നത് . ആർക്കും കടക്കാരനാകാതെ ആരോടും കടം വാങ്ങാതെ ഇതുവരെ ദൈവം നടത്തി . മക്കളെ നല്ല നിലയിൽ വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്തു. ആരെയും കബളിപ്പിച്ചു ഒരു നേട്ടം ഉണ്ടാക്കാൻ നാളിതുവരെ നിന്നിട്ടില്ല. ന്യായരഹിതമായ ഒരു പണവും ആരിൽ നിന്നും സ്വീകരിച്ചിട്ടില്ല . ദൈവം കയ്യൊപ്പിടാത്ത ഒരു ധനവും ഞാൻ ആരിൽ നിന്നും സ്വീകരിച്ചിട്ടില്ല . സാത്താൻ അവകാശവാദം പറയുന്ന ഒരു മുതലും എൻറെ പക്കൽ ഇല്ല .

നീണ്ട എട്ടു വർഷം വീടിനെക്കുറിച്ചുള്ള ചിന്തയില്ലാതെ ജീവിച്ചു . ഒരിക്കൽ പോലും അതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല . നിങ്ങൾ വയ്ക്കാത്ത വീട്ടിലും നിങ്ങൾ കുഴിക്കാത്ത കിണറിലെ വെള്ളവും നിങ്ങൾ കുടിക്കും എന്ന് യിശ്രയേൽ മക്കളോട് ദൈവം പറഞ്ഞ വചനം ഞാനും അംഗീകരിച്ചു . വാടക വീടും അങ്ങനെയാണല്ലോ . നമ്മൾ വയ്ക്കാത്ത വീട് നമ്മൾ കുഴിക്കാത്ത കിണർ ഇത് വാടക വീടുതന്നെ എന്ന് ആശിച്ചു . എന്നാൽ ഒരു ദിവസം പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻ എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്കു വിളിക്കയും അവിടേയ്ക്കു ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു . അവിടെ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത് മോനെ നിനക്ക് വീടില്ല . നിനക്ക് ഒരു വീട് ആവശ്യമാണ് . സാം ചിലർക്ക് വീട് വച്ച് കൊടുക്കുവാൻ ആഗ്രഹിക്കുന്നുണ്ട് അതിൽ ഒരെണ്ണം നിനക്ക് വച്ച് തരാൻ ഞാൻ പറയാം എന്ന് പറഞ്ഞു . അപ്പോൾ ഞാൻ തൃശൂരിലെ സംഭവം അപ്പച്ചനോട് പറഞ്ഞു . അതിനുശേഷം ഞാൻ അദ്ദേഹത്തോട് പറഞ്ഞത് അപ്പച്ചൻ പറഞ്ഞതിൽ എനിക്ക് അതിൽ വീടില്ല എന്ന് എൻറെ മനസ് പറയുന്നു എന്ന് പറയുകയുണ്ടായി. അപ്പച്ചൻ അൽപ്പം ചിന്തിച്ചിട്ട് പറഞ്ഞു നമ്മളെക്കാൾ നമുക്കുവേണ്ടി വിചാരപ്പെടുന്ന ദൈവമാണ് നമുക്കുള്ളത് .ദൈവം നോക്കിക്കൊള്ളും ദൈവമല്ലേ പണിയേണ്ടത് എന്ന് പറഞ്ഞു നിർത്തി . അതിനുശേഷം പ്രാർത്ഥിച്ചു പോകാൻ ഒരുങ്ങുമ്പോൾ അപ്പച്ചൻ ഒരു കവർ കയ്യിലെടുത്തുവച്ചു പ്രാർത്ഥിച്ചു . അതിനുശേഷം അത് എനിക്ക് വച്ച് നീട്ടി . അത് സന്തോഷത്തോടുകൂടി ഞാൻ വാങ്ങി . അതിനുശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു . ഇതിൽ വച്ചിരിക്കുന്ന അൽപ്പം പണം ഉണ്ട് . അത് വസ്തു വാങ്ങാൻ വേണ്ടിയാണ് മറ്റൊന്നിനും ഇത് ഉപയോഗിക്കരുത് പോകുന്ന വഴിയിൽ പലതും കാണും ഈ പണം കൊണ്ട് അതൊന്നും വാങ്ങരുത് . വസ്തു വാങ്ങാൻ തന്നെ ഉപയോഗിക്കണം . ഇവിടെ വച്ച് തുറന്നു നോക്കുകയും അരുത് . . പോകുന്ന വഴിക്കു വേണമെങ്കിൽ നോക്കിക്കോ എന്നും അദ്ദേഹം പറഞ്ഞു .

പത്തനാപുരം പെട്രോൾ പമ്പിൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കുവാൻ കയറിയപ്പോൾ കവറിനുള്ളിലെ പണം നോക്കി . അതിൽ ആയിരം രൂപ മാത്രമാണുണ്ടായിരുന്നത് . എനിക്ക് ആകുലതകൾ ഒന്നും തോന്നിയില്ല . കാരണം രണ്ടു ആൺമക്കളുടെ പഠനത്തിന് കാര്യമായ നിലയിൽ അപ്പച്ചൻ സഹായിച്ചിട്ടുണ്ട് . അതുവച്ചു നോക്കുമ്പോൾ ഇതിൽ കാര്യമായ ദൈവികോദ്ദേശത്തിൻറെ വെളിപ്പാട് ഞാൻ കണ്ടിരുന്നു . കുളക്കടയിൽ എത്തുന്നതിനുമുമ്പ് ഒരു തീരുമാനവും എടുത്തു . ഈ പണം വസ്തു വാങ്ങുന്നതിനു മാത്രമേ ഉപയോഗിക്കൂ . ഈ പണമില്ലാതെ മറ്റൊരു സമ്പാദ്യവും എനിക്കില്ലായിരുന്നു . പോകുന്ന വഴിക്കു ഞാൻ താമസിച്ചിരുന്ന വാടകവീടിൻറെ സമീപത്തു മെയിൻ റോഡ് സൈഡിൽ വസ്തു വിൽപ്പനക്ക് എന്ന ബോർഡ് വച്ചിരുന്നത് അതിൻറെ ഉടമസ്ഥൻ ഇളക്കി മാറ്റുന്നത് ശ്രദ്ധയിൽ പെട്ട് അദ്ദേഹത്തോട് ചോദിച്ചു . എന്തെ വസ്തു കച്ചവടം ആയോ ബോർഡ് ഇളക്കി മാറ്റുന്നു . അദ്ദേഹം പറഞ്ഞത് വളരെ നാളുകളായി വസ്തു വിൽപ്പനക്ക് എന്ന ബോർഡ് വച്ചിട്ട് . പലരും വന്നു നോക്കി പോകും പിന്നെ പറയും വസ്തു വേണ്ടായെന്നു . അതിനു കാരണം ഈ വസ്തുവിനോട് ചേർന്ന് ഒരു വലിയ കാവ് ഉണ്ടായിരുന്നു വളരെ വർഷം പഴക്കമുള്ള കണ്ടാൽ ഭയം തോന്നുന്ന നിലയിലുള്ള ഒന്നായിരുന്നു അത് . അവിടെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു . ദിവസവും സന്ധ്യക്ക്‌ വിളക്ക് കത്തിക്കുന്ന അവസ്ഥയായിരുന്നു . അതുകൊണ്ടു പെന്തക്കോസ്തുകാരടക്കം പലരും വന്നു കണ്ടിട്ട് ഭയന്ന് പോകുകയായിരുന്നു . ഞാൻ അദ്ദേഹത്തോട് ചോദിച്ചു വസ്തു കൊടുക്കുന്നുണ്ടോ എന്ന് . എങ്ങനെങ്കിലും ഇത് തലയിൽ നിന്നും ഒഴിയട്ടെ എന്ന് ചിന്തിച്ചു അദ്ദേഹം ഒരു വില പറഞ്ഞു . അദ്ദേഹം ചോദിച്ചതിൽ നിന്നും അയ്യായിരം രൂപ മാത്രം കുറച്ചു ഞാൻ വിലപറഞ്ഞു . അദ്ദേഹം അത് സമ്മതിച്ചു . പാസ്റ്റർ ഇ സി ജോർജ്ജ് അപ്പച്ചൻ തന്ന ആയിരം രൂപ 2016 ൽ ഞാൻ ടോക്കൺ കൊടുത്ത് ഉറപ്പിച്ചു . അദ്ദേഹം ചോദിച്ചു എന്ന് വസ്തു എഴുതാമെന്ന് . ഒരു രൂപാ പോലും കയ്യിലില്ലാതെ ഞാൻ മറുപടി പറഞ്ഞു ആറുമാസത്തിനകം എഴുതാം എന്ന് . എന്ത് കണ്ടിട്ടാണ് അത് പറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല . പക്ഷെ അതിനടുത്തമാസം അമേരിക്കയിലേക്ക് പോകുവാൻ എനിക്ക് വീസാ ലഭിച്ചു . ഒമ്പതു പ്രാവശ്യം അമേരിക്കൻ കോൺസുലേറ്റിൽ പോയിട്ട് വിസാ ലഭിച്ചിരുന്നില്ല . എന്നാൽ പത്താം പ്രാവശ്യം ലഭിച്ചു . ഞാൻ അമേരിക്കയിൽ എത്തി ഡാലസിൽ വച്ച് കാലിനു വിരലിൽ ഇൻഫെക്ഷൻ ഉണ്ടായി ഒരുമാസം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങി . എന്നാൽ അതിനു മുമ്പ് തന്നെ ഞാൻ തീരുമാനം എടുത്തിരുന്നു . വസ്തു വാങ്ങാനുള്ള പണം ദൈവഹിതമെങ്കിൽ ദൈവം ക്രമീകരിക്കും . അവിടെ എൻറെ സംസാരത്തിലോ പ്രഭാഷണങ്ങളിലോ എൻറെ ഒരാവശ്യവും പറഞ്ഞിട്ടില്ല . ആരോടും ഒന്നും ചോദിച്ചിട്ടില്ല എന്നാൽ വസ്തു വാങ്ങാനുള്ള പണം ദൈവം നൽകി . തൃശൂരിൽ ഞാൻ വേണ്ടാ എന്ന് വച്ച അത്രയും സ്ഥലം അതെ വലിപ്പത്തിൽ തന്നെ കുളക്കടയിൽ മെയിൻ റോഡ്‌സൈഡിൽ ദൈവം നൽകി . അമേരിക്കയിൽ നിന്നും വന്നതിനുശേഷം ആധാരവും ചമച്ചു . വസ്തു വാങ്ങിയ ശേഷം അവിടേക്കു ഞാൻ പ്രവേശിച്ചിരുന്നില്ല . എന്നാൽ രണ്ടായിരത്തി പത്തൊൻപതിൽ ഞാൻ ആ വസ്തുവിൽ കയറി . ഞാൻ അവിടെ പ്രവേശിക്കുമ്പോൾ ഞാൻ കണ്ടത് കാവിൽ കത്തിച്ചിരുന്ന വിളക്കുകൾ ഞാൻ വാങ്ങിച്ച വസ്തുവിലേക്കു കയറ്റി ഒരു കാമത്തോടിൻറെ കീശയിൽ ചെറുനിലവിളക്കുകൾ കത്തിക്കാൻ തുടങ്ങി. വിഗ്രഹം കാവിനുള്ളിലും നിലവിളക്കു എൻറെ പുരയിടത്തിലും ഉപയോഗിക്കുന്നു . ഞാൻ അതിനുശേഷം എന്നും അവിടെ ചെല്ലും ദൈവകൃപയിൽ ആശ്രയിച്ചു ഞാൻ പറയും ഞാൻ ഇവിടെ വരുമ്പോൾ ഇവിടെ നിന്നും ഇറങ്ങി പൊയ്ക്കോണം ഇവിടെ നിനക്ക് അവകാശമില്ല ഇപ്പോൾ ഇത് ദൈവത്തിൻറെ അവകാശമാണ് . ഞാൻ ഇവിടെ വരുമ്പോൾ കാണരുത് . അത് ശരിക്കും ശബ്ദം ഉയർത്തി പറയാൻ തുടങ്ങി. ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു . വീടിനു ആരംഭം കുറിച്ച് മൂന്നടിയോളം മണ്ണ് നീക്കം ചെയ്യണമായിരുന്നു . ഏകദേശം അറുപതു ലോഡ് മണ്ണ് കൂനകൂട്ടി ഒരു സ്ഥലത്തിടുവാൻ ദൈവീക നിയോഗം എനിക്ക് കിട്ടി . അതിനുശേഷം തൊട്ടു താഴെയുള്ള പുരയിടം റോഡ് നിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു . അതിൻറെ ഉടമസ്ഥർ ഹിന്ദുക്കളാണ് . അവിടെ ചുറ്റുപാടും എല്ലാം ഹിന്ദുക്കൾ നായന്മാരാണ് താമസം . അവരുടെ വകയാണ് പ്രസ്തുത കാവ് . പനകളും വള്ളിക്കെട്ടുകളും കൊണ്ട് നിബിഢമായിരുന്നു ഇവിടം . എന്നാൽ മണ്ണ് താഴെ പുരയിടക്കാർക്കു സൗജന്യമായി കൊടുക്കുകയും ജെ സി ബി ഉപയോഗിച്ച് വളരെ പണം ചെലവഴിച്ചാണ് മണ്ണ് കൂട്ടിയത് . എന്നാൽ സൗജന്യമായി അവരോടു ഈ മണ്ണ് എടുക്കാൻ പറഞ്ഞപ്പോൾ ആദ്യം അവർ വിശ്വസിച്ചില്ല . പിന്നീട് അവർ വിശ്വസിച്ചു . ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ മണ്ണ് നിരത്താൻ വന്നു . ആദ്യം ചെയ്തത് എൻറെ വസ്തുവിനോട് ചേർന്ന് നിന്ന കാവ് അവർ പൂർണ്ണമായി നീക്കം ചെയ്തു . ജെ സി ബി ഉപയോഗിച്ചു ആ മണ്ണ് സഹിതം കാവ് അവിടെ ഉണ്ടായിരുന്നു എന്നുപോലും തോന്നാത്ത നിലയിൽ അത് തെളിക്കപ്പെട്ടു . രാത്രിയിലാണ് ഞാൻ വിവരം അറിയുന്നത് . അവിടേക്കു ഞാൻ പെട്ടന്ന് ചെല്ലുകയും അവരെ വഴക്കു പറയുകയും ചെയ്തു. കാരണം അവിടെ ഞാൻ നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യുകയാണ് . കാവ് നീക്കം ചെയ്‌താൽ ഞാൻ ചെയ്തതായി ആരോപിക്കും . വർഗ്ഗീയ വിഷയങ്ങൾ ഉണ്ടാകാനുള്ള സാഹചര്യമുണ്ട് . ഞാൻ വഴക്കു പറഞ്ഞപ്പോൾ അവർ പറഞ്ഞത് സാറിനുവേണ്ടിയാണ് ഞങ്ങൾ ഇത് ചെയ്തത് എന്നാണു . അതിനുശേഷം ആരും ഇന്നുവരെ ഈ വിഷയം ചോദിക്കാൻ ആരും വന്നിട്ടില്ല . ഞാൻ അവിടെ വീടുപണി ആരംഭിച്ചു പണി പുരോഗമിക്കുന്നു . കയ്യിൽ ഒരു പൈസപോലും ഇല്ലാതിരുന്നിട്ടും എല്ലാം ദൈവം അനുകൂലമാക്കി നൽകി . ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആര് ? ദൈവം എഴുന്നേൽക്കുമ്പോൾ അവൻറെ ശത്രുക്കൾ ചിതറും . മറ്റുള്ളവർക്ക് സാക്ഷ്യത്തിനായി ദൈവം അത്ഭുതം ചെയ്തു . ഇന്ന് അവിടെ കാവില്ല വിഗ്രഹം ഇല്ല പൂജകൾ ഇല്ല വിലക്ക് കത്തിക്കലി ല്ല . യഹോവ വീടുപണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു . ദൈവമാണ് എനിക്ക് തുണ . പ്രതികൂലത്തിൻറെ നടുവിലും ഞാൻ ദൈവപ്രവർത്തി കാണുന്നു . ദൈവം നൽകിയ ഭവനമാണ് അതിൽ ശത്രുവിന് അവകാശമില്ല . എൻറെ അവകാശത്തിൻറെ യും പാനപാത്രത്തിൻറെയും പങ്കു യഹോവക്കുള്ളതാകുന്നു . എൻറെ ഓഹരിയെ അവൻ പാലിക്കുന്നു . ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യമായിരിക്കുന്നു ( കാവിനോട് ചേർന്ന് കിണറും അത്ഭുതവും അടുത്തലക്കത്തിൽ)

Comments are closed.